കാപട്യത്തിൽ നിന്നും വിശുദ്ധിയിലേക്ക്

യഥാര്ത്ഥ വിശുദ്ധിക്കായുള്ള അന്വേഷണം

മത്തായി 23 ഇൽ പ്രവാചകനായ ക്രിസ്തു, സത്യത്തിന്റെ കൂർത്ത മുനയാൽ ശാസ്ത്രിമാരുടെയും പരീശന്മാരുടെയും മേൽ പ്രഹരമേൽപ്പിക്കുന്നത് കാണാം. അതുപോലെ, അവരുടെ പുറമേയുള്ള ഭക്തിയുടെ കാപട്യം ക്രിസ്തുവിന്റെ കടുത്ത ശാസനയുടെ മുന്നിൽ തകരുന്നതും, അവരുടെ ഹൃദയത്തിലെ കാപട്യത്തെ ക്രിസ്തു പരസ്യമായി വെളിപ്പെടുത്തുന്നതും നമുക്ക് കാണാൻ സാധിക്കും. ഈ ഒരു അധ്യായത്തിൽ, യേശു തന്റെ വാക്കുകളാൽ ഏല്പിക്കുന്ന ഓരോ പ്രഹരത്തിന്റെയും തുടക്കത്തിൽ "കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം" എന്ന് പറയുന്നു. ഈ വാക്കുകൾ ആവർത്തിക്കുന്നതിലൂടെ, ക്രിസ്തു അവരുടെ ആത്മീയ അവസ്ഥയുടെ ദയനീയമായ സ്ഥിതിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. വിദഗ്ധനായൊരു സംവാദകനെപ്പോലെ, യേശു അവരുടെ ധാർമികതയുടെ മുഖംമൂടി വലിച്ചു കീറി, കപടഭക്തിയുടെ ശരിയായ സ്വരൂപം പുറത്തു കാണിക്കുകയാണ്.

പലരും ക്രിസ്തുവിന്റെ ഈ കനത്ത ശാസനയുടെ തീവ്രതയെ ചോദ്യം ചെയ്തേക്കാം, എന്നാൽ ഞാൻ വിശ്വസിക്കുന്നു, ക്രിസ്തുവിന്റെ ശാസന പരീശന്മാരോടും ശാസ്ത്രിമാരോടുമുള്ള അവന്റെ സ്നേഹത്തിൽ നിന്നും ഉദിക്കുന്നതാണെന്നു. ഇതൊരു കൃപാപരമായ ശാസനയാണ്; ഇതിലൂടെ ക്രിസ്തു അവരെ അവരുടെ ആത്മീയ ഉറക്കത്തിൽ നിന്നും തട്ടി എഴുന്നേൽപ്പിക്കുകയാണ്. നീതിമാനായ ക്രിസ്തുവിന്റെ വാക്കുകൾ, വളരെയേറെ മൂർച്ചയുള്ള ഒരു കത്തിയെന്ന പോലെ, പരീശന്മാർ സ്വയം കബളിപ്പിക്കാൻ വിശ്വസിച്ചു വച്ചിരിക്കുന്ന നുണകളെ കീറി മുറിച്ചുകൊണ്ട്, അകത്തു പതിയിരിക്കുന്ന സത്യത്തെ പുറമെ വെളിപ്പെടുത്തുകയാണ്. നാം ഒരിക്കലും സംവാദത്തിൽ ജയിക്കാനുള്ള ശ്രമത്തിനിടയിൽ നമ്മുടെ എതിരാളിയെ കുറിച്ച് മറന്നുപോകരുതെന്ന് വിശ്വാസസമർഥകർ (apologists) പൊതുവെ പറയാറുണ്ട് . അതായത്, സംവാദം ജയിക്കാനല്ല, മറിച്ച് നമ്മോട് സംവാദത്തിൽ ഏർപ്പെടുന്ന വ്യക്തിയുടെ രക്ഷയാണ് പ്രധാനം. അതുകൊണ്ട് നാം മൂർച്ചയേറിയ വാക്കുകൾ ഉപയോഗിക്കുകയാണെങ്കിൽ അത് യുക്തിപൂർവം, എതിരാളിയുടെ നന്മയ്ക്കാകുന്ന പാകത്തിൽ വേണം ഉപയോഗിക്കാൻ. ചിലപ്പോഴൊക്കെ ആത്മാവിനെ രക്ഷിക്കേണ്ടതിനുള്ള ശാസന, ശക്തമായ ഒരു വാദത്തേക്കാൾ വേദനാജനകമായിരിക്കും. ഇക്കാരണത്താലൊക്കെ, യേശുവിന്റെ ശാസന പരീശന്മാർക്കും ശാസ്ത്രിമാർക്കും അനിവാര്യമായിരുന്നു.

എന്നിരുന്നാലും, യേശുവിന്റെ വാക്കുകൾ ഒരേസമയം കൃപാകരവും വിധിയെഴുത്തും ആകുന്നു. അവ ഇരുതലയുള്ള വാളിനു തുല്യം രക്ഷയുടെയും നീതിയുടെയും ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഈ വാക്കുകൾ അനുസരിക്കുന്നവർക്ക് ജീവൻ ലഭിക്കും; തള്ളിക്കളയുന്നവർക്കു സർവ്വനാശവും. കപടഭക്തിയെന്ന പാപത്തിന്റെ ഗൗരവവും, അടിയന്തിരമായുള്ള മാനസാന്തരത്തിന്റെ ആവശ്യവും ഈ വാക്കുകൾ വെളിപ്പെടുത്തുന്നു.

കപടഭക്തിയും വിശുദ്ധിയും

മത്തായി 23:25-28 ൽ യേശു പരീശന്മാരുടെയും ശാസ്ത്രിമാരുടെയും കപടഭക്തിയുടെ ആഴം ചിത്രീകരിക്കാൻ രണ്ട് ഉപമകൾ ഉപയോഗിക്കുന്നു. ആദ്യത്തെ ഉപമയിൽ, ആന്തരികമായി പരിവർത്തനം സംഭവിക്കാതെ - പുറമെ മാത്രം ഭക്തി കാണിക്കുന്ന പരീശന്മാരും ശാസ്ത്രിമാരും അകം വൃത്തിയാക്കാതെ പുറം ഭാഗം മാത്രം വൃത്തിയാക്കി വച്ചിരിക്കുന്ന പാത്രത്തിനുസമമാണ് എന്ന് യേശു പറയുന്നു. രണ്ടാമത്തെ ഉപമയിൽ വെള്ളപൂശിയ കല്ലറകൾ പോലെ പുറമെ ഭംഗിയുള്ളവരും അകമേ ജീവശൂന്യരും ആണവരെന്നു പറയുന്നു.

“മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ പാത്രങ്ങളുടെ പുറം തേച്ചുവെടിപ്പാക്കുന്നു. അതേസമയം അകം അക്രമവും സ്വാർഥതയുംകൊണ്ട് ആർജിച്ച വസ്തുക്കൾ നിറഞ്ഞിരിക്കുന്നു. അന്ധനായ പരീശാ, ആദ്യം പാത്രത്തിന്റെ അകം വെടിപ്പാക്കുക. അപ്പോൾ പുറവും വെടിപ്പായിക്കൊള്ളും. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! വെള്ള പൂശിയ ശവക്കല്ലറയ്‍ക്കു തുല്യരാണു നിങ്ങൾ. പുറമേ ഭംഗിയുള്ളതായി ആ കല്ലറകൾ കാണപ്പെടുന്നു. എന്നാൽ അകം മരിച്ചവരുടെ അസ്ഥികളും ജീർണിക്കുന്ന വസ്തുക്കളും നിറഞ്ഞിരിക്കുന്നു. അതുപോലെ നിങ്ങളും പുറമേ മറ്റുള്ളവരുടെ ദൃഷ്‍ടിയിൽ നീതിമാന്മാരായി കാണപ്പെടുന്നു; എന്നാൽ അകത്ത് കാപട്യവും അധർമങ്ങളും നിറഞ്ഞിരിക്കുന്നു.

മത്തായി 23:25-28

ഈ ഉപമകളിലൂടെ കാപട്യം നമ്മുടെ ശുദ്ധീകരണത്തിന് എത്രമാത്രം വിനാശകരമാണെന്ന് നാം മനസ്സിലാക്കുന്നു. പുറമെ അണിയുന്ന കാപട്യമെന്ന മുഖംമൂടി, അതിനു പിന്നിൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജീവശൂന്യമായ ഒരു ആത്മീയ ജീവിതത്തെ ഒളിപ്പിക്കുന്നു. പുറമെ കാണിക്കുന്ന കപടമായ ധാർമ്മികതയെ ഒഴിവാക്കിയാൽ, പരീശന്മാർക്കും ശാസ്ത്രിമാർക്കും ആന്തരികമായി ഒരു പരിവർത്തനവും സംഭവിച്ചിട്ടില്ലായിരുന്നു. ദൈവത്തിന്റെ സൃഷ്ടിയിൽ പ്രകടമാകുന്ന പൊതുവായ വെളിപ്പാടിനെക്കുറിച്ച് അവർക്കറിയാമായിരുന്നു; എന്നാൽ സത്യമായ വിശ്വാസത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കുന്ന ദൈവീക വെളിപ്പാട് അവർക്കില്ലായിരുന്നു. വെള്ളപൂശിയ കല്ലറകൾ പോലെ പുറമെ ഭംഗിയുള്ളവരും അകമേ ജീവശൂന്യരുമായിരുന്നു അവർ. ദൈവീക വെളിപ്പാടിന്റെ ഉറവിടമായ ക്രിസ്തുവിനെ യഥാർത്ഥമായി കണ്ടുമുട്ടുന്നതിലൂടെ മാത്രമേ അവർക്ക് യഥാർത്ഥ പരിവർത്തനം അനുഭവിക്കാൻ കഴിഞ്ഞുള്ളു.

ആദ്യത്തെ ഉപമ കപടമായ കർമ്മങ്ങളെയും രണ്ടാമത്തെ ഉപമ കാപട്യമുള്ള ഹൃദയത്തെയും അഭിസംബോധന ചെയ്യുന്നു. വിശുദ്ധിയെന്നതിലൂടെ അവർ മനസ്സിലാക്കിയിരുന്നത് പുറമെ നീതിമാന്മാരായി നടിക്കുകയെന്നായിരുന്നു. എളിമയുടെയും ആത്മാർത്ഥതയുടെയും കഠിനമായ പാതയിലൂടെ നടക്കാൻ അവർ തയ്യാറായിരുന്നില്ല. അവരുടെ ഹൃദയങ്ങൾ വെള്ള പൂശിയ കല്ലറകളെ പോലെയായിരുന്നു. പഴയനിയമ കാലഘട്ടത്തിൽ യഹൂദർ കല്ലറ തൊട്ടാൽ ഏഴു ദിവസം വരെ അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്നു. പരീശന്മാരും ശാസ്ത്രിമാരും തങ്ങൾ തൊടുന്നവരെയും തങ്ങളെ തൊടുന്നവരെയും അശുദ്ധരാക്കി തീർക്കുന്ന കല്ലറകളായായി തീർന്നിരുന്നു. ഇതാണ് കപട്യത്തിന്റെ ഭയാനകത. ഹൃദയത്തിന്റെ സമൃദ്ധിയാൽ വായ് സംസാരിക്കുന്നുവെങ്കിൽ ഹൃദയത്തിലെ കപട്യത്തിന്റെ സമൃദ്ധിയാലാണ് കപടഭക്തിക്കാർ മറ്റുള്ളവരെ അനുഗ്രഹിക്കുന്നത്. എന്നാൽ കപട്യം അനുഗ്രഹമല്ല പകരം ക്രിസ്തുവിന്റെ ശാപമാണ് കൊണ്ടുവരുന്നതെന്ന് മത്തായി 23-ൽ കാണാൻ സാധിക്കുന്നു.

ക്രിസ്തുവിന്റെ ഈ കഠിനമായ ശാസനയുടെ പശ്ചാത്തലം ഓർത്തുകൊണ്ട്, നാം എല്ലാവരും അകൃത്രിമമായ വിശുദ്ധി നേടാൻ ശ്രമിക്കേണ്ടതുണ്ട്. നാം പുതുക്കപ്പെട്ട ഒരു ഹൃദയത്തിന് പകരം വെറും ബാഹ്യമായ ഭക്തി നടിക്കുന്നതിൽ സംതൃപ്തി കണ്ടെത്തരുത്. സുവിശേഷത്തിന്റെ പരിവർത്തനശക്തിയെ നാം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ഇറങ്ങി ചെല്ലാൻ അനുവദിക്കണം. നമ്മുടെ ഹൃദയം വൃത്തിയാക്കപ്പെട്ട ഒരു പാത്രം പോലെയാകണം. ക്രിസ്തുവിന്റെ വെളിച്ചം നാം ഈ അന്ധകാരം നിറഞ്ഞ ഭൂമിയിൽ പ്രസരിപ്പിക്കണം.

നമ്മുടെ പ്രതീക്ഷ നാം എന്തിലാണ് അർപ്പിക്കേണ്ടത്? വെള്ള പൂശിയ കല്ലറകൾ എങ്ങനെ ജീവതേജസ്സെന്തെന്നു അനുഭവിച്ചറിയും? നമ്മുടെ പ്രതീക്ഷ ഒരു കല്ലറയ്ക്ക് മുന്നിൽ നിന്ന് ഉച്ചത്തിൽ "ലാസർ, പുറത്തുവരൂ" എന്ന് പറഞ്ഞ ഒരു വ്യക്തിയിലാണ്. നമ്മുടെ പ്രതീക്ഷ കല്ലറയിൽ നിന്ന് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിലാണ്. അവനെ ആ കല്ലറയിലേക്ക് തിരികെ ബന്ധിക്കാൻ ഇനി ആർക്കും കഴിയില്ല. ക്രിസ്തു ജീവിക്കുന്നതിലും, നാം അവനിൽ ജീവിക്കുന്നു എന്നതിലുമാണ് നമ്മുടെ പ്രതീക്ഷ; അവൻ മരണത്തെ ജയിച്ചുവെന്നും അവനിൽ നമുക്ക് ജീവൻ ലഭിക്കുമെന്നും.

കാപട്യം ഒരു വിശ്വാസിയുടെ മാർഗ്ഗമല്ല. അതവൻ കല്ലറയിൽ ഉപേക്ഷിച്ച തന്റെ പൂർവ്വ ജീവിതത്തിന്റെ രീതിയായിരുന്നു. വിശ്വാസിയുടെ മാർഗം വിശുദ്ധിയുടെ മാർഗ്ഗമാണ്.

ഈ ലേഖനം @michaelteddy’ യുടെ “Hypocrisy & Sanctification” എന്ന പ്രഭാഷണത്തിന്റെ വിവർത്തനമാണ്. മുഴുവൻ പ്രസംഗവും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Michael serves as the preaching pastor at Redemption Hill Church in Trivandrum, Kerala, while also working as a software developer. He has authored two books: Letters to the Indian Church and Come All Ye Weary. Michael lives in Trivandrum with his wife, Cinu, and their two sons

മലയാളം