ഒരു 13 വയസ്സുകാരിക്ക് ഉള്ള കത്ത്
പ്രിയ ________,
ബൈബിൾ ആഴത്തിൽ വായിക്കുന്നതിനെക്കുറിച്ചു നീ എഴുതിയ കുറിപ്പ് കിട്ടി. ചോദിച്ചതിന് നന്ദി.
നീ ബൈബിൾ വായന ഗൗരവത്തോടെ കാണുന്നത് എനിക്ക് വളരെ പ്രചോദനം തരുന്നു എന്ന് ആദ്യം തന്നെ പറയട്ടെ. ഞാൻ ബൈബിള്‍ കൈയില്‍ പിടിക്കുമ്പോൾ ഇത് പ്രപഞ്ച സ്രഷ്ടാവിൻ്റെ സ്വന്തം വാക്കുകള്‍ ആണെന്ന് ഓര്‍ത്തു ചിലപ്പോഴൊക്കെ അത്ഭുതപ്പെടാറുണ്ട്. ആശ്ചര്യം തന്നെ !
ബൈബിൾ എന്നും വായിക്കുകയും നിൻ്റെ എല്ലാ വികാരവിചാരങ്ങളിലേക്കും അത് കടന്ന് ചെല്ലാൻ അനുവദിക്കുകയും ചെയ്യുന്നത് നല്ലതു തന്നെ. എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണെന്നും അത് ഒരുവനെ സകല സൽപ്രവൃത്തിക്കും സജ്ജമാക്കുവാൻ പ്രയോജനമുള്ളതാണെന്ന് പൗലോസ് പറയുമ്പോൾ - ഞാൻ വിശ്വസിക്കുന്നത് - വായിക്കുവാൻ പ്രയാസമുള്ളതോ, ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്ന ഭാഗങ്ങൾ പോലും കാലക്രമേണ നിൻ്റെ മനസ്സിനെയും ആത്മാവിനെയും സ്വാധീനിക്കുകയും യേശുവിനുവേണ്ടി ഉറപ്പോടെ നിൽക്കുന്ന ഒരു സ്ത്രീയായി നിന്നെ രൂപാന്തരപ്പെടുത്തുകയും ഈ ലോകത്തിൻ്റെ തെറ്റുകൾ തിരിച്ചറിയുവാനും യഥാർത്ഥത്തിൽ നല്ലതും മനോഹരവുമായ എല്ലാറ്റിനെയും സ്നേഹിക്കുവാനായി നിന്നെ മാറ്റുകയും ചെയ്യും എന്നാണ് അപ്പോസ്തലൻ അർത്ഥമാക്കിയത്.
ദൈവവചനം കൂടുതൽ ആഴത്തിൽ പഠിക്കാൻ ചില നിർദ്ദേശങ്ങൾ ഇതാ.
എല്ലായ്‌പ്പോഴും ബൈബിൾ മുഴുവനായി വായിക്കുന്നത് നല്ലതാണെന്ന് ഞാൻ കരുതുന്നു. ഇത് നാല് പുസ്‌തക അടയാളങ്ങൾ ഉപയോഗിച്ച് കൊണ്ട് നീ ചെയ്യുന്ന ഒരു കാര്യമായി തോന്നുന്നു. നല്ലതു തന്നെ. ശിഷ്യത്വ വായനാ പദ്ധതിയാണ് ഞാൻ 15 വർഷമായി ഉപയോഗിച്ചുകൊണ്ടിരുന്നത്, ഇപ്പോൾ മറ്റൊരു വചനവായന പദ്ധതിയാണ് M’Cheyne’s Bible reading planഉപയോഗിക്കുന്നത്. ഈ വായന പദ്ധതി ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ ബൈബിൾ മുഴുവൻ ഒരുപ്രാവശ്യവും സങ്കീർത്തനങ്ങൾ 2 പ്രാവശ്യവും പുതിയനിയമം 2 പ്രാവശ്യവും വായിക്കാം.
ഇത് കൂടാതെ, കുറച്ചു ആഴത്തിൽ പോകുന്നതിനായി ഒരു പുസ്തകമോ ഗിരിപ്രഭാഷണമോ റോമർ 8-ാം അധ്യായമോ പോലെ, ഒരു പ്രത്യേക വേദഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. കൂടുതൽ ആഴത്തിൽ പോകുന്നതിനുള്ള ഒരു മാർഗ്ഗം മനഃപാഠമാക്കുകയാണ്. ചില വർഷങ്ങൾക്കു മുൻപ് ഞാൻ ഫിലിപ്പ്യർക്ക് എഴുതിയ ലേഖനം മനഃപാഠമാക്കി, പിന്നീട് ബൈബിളിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ജനുവരിയിലെ പ്രഭാഷണത്തിൽ അത് ആവർത്തിച്ചു. ദൈവവചനത്തിൻ്റെ വലിയ ഭാഗങ്ങൾ മനഃപാഠമാക്കുന്നതു പോലെയുള്ള ചില കാര്യങ്ങൾ ദൈവവചനത്തിൻ്റെ ആഴങ്ങളിലേക്ക് നമ്മെ കൊണ്ടുപോകും.
"ഞാൻ ബൈബിള്‍ കൈയില്‍ പിടിക്കുമ്പോൾ ഇത് പ്രപഞ്ച സ്രഷ്ടാവിൻ്റെ സ്വന്തം വാക്കുകള്‍ ആണെന്ന് ഓര്‍ത്തു ചിലപ്പോഴൊക്കെ അത്ഭുതപ്പെടാറുണ്ട്. ആശ്ചര്യം തന്നെ!"
നീ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രത്യേക വേദഭാഗം ഒരു നോട്ട്ബുക്കിൽ ചുരുക്കെഴുത്തു കൂടാതെ പതുക്കെ എഴുതുക. എൻ്റെ ഓരോ പ്രഭാഷണത്തിനും ഞാനിതു ചെയ്യാറുണ്ട്. എനിക്കിതു മുഴുവനായി മനസ്സിലാകാറില്ല, പക്ഷെ എൻ്റെ പേനയ്ക്കു 'കണ്ണുകൾ' ഉണ്ട്. ഞാൻ പതുക്കെ വാചകം എഴുതുമ്പോഴാണ് കാര്യങ്ങൾ കാണുവാൻ തുടങ്ങുന്നത്, മറ്റൊരിക്കലും കാണാത്തതുപോലെ കാണുന്നത് അപ്പോഴാണ്. എഴുതുമ്പോൾ ഉള്ള മറ്റൊരു ഗുണം ആവർത്തിക്കുന്ന വാക്കുകൾ അടയാളപ്പെടുത്തുവാൻ സാധിക്കും. ചില വാക്കുകൾ അടിവരയിടുവാനും അവ തമ്മിൽ ബന്ധിപ്പിക്കുവാനും സാധിക്കും. ഒരു ഖണ്ഡികയിലുള്ള ബന്ധങ്ങൾ കാണുവാൻ സഹായിക്കും. ആ ബന്ധങ്ങൾ അതിൻ്റെ അർത്ഥം മനസിലാക്കുന്നതിനുള്ള താക്കോലാണ്.
ഒരു നല്ല പഠന ബൈബിൾ വാങ്ങിക്കുന്നത് നിനക്കു ഒരു നല്ല നിക്ഷേപമായിരിക്കും എന്ന് ഞാൻ കരുതുന്നു ( ESV Study Bible). അല്ലെങ്കിൽ നിനക്ക് പിറന്നാളിന് ഒരു ബൈബിൾ വാങ്ങി തരാൻ നിൻ്റെമാതാപിതാക്കളോട് പറയൂ. നീ പഠിക്കുന്ന വേദഭാഗത്തിൻ്റെ ആമുഖം വായിക്കുക. ഒപ്പം കുറിപ്പുകളും വായിക്കുക. അവർ എല്ലായ്‌പ്പോഴും ശരിയാണെന്ന് കരുതരുത്. എല്ലായ്‌പ്പോഴും ശരിയായിരിക്കുന്നത് ബൈബിൾ മാത്രമേ ഉള്ളൂ. എന്നാൽ ഈ കുറിപ്പുകൾ നിൻ്റെചിന്തകളെ ഉത്തേജജിപ്പിക്കട്ടെ.
പ്രാർത്ഥനയെ സംബന്ധിച്ച്, ഇത് വളരെ നിർണായകമായ ഒരു കാര്യം തന്നെ. നീ പ്രാർത്ഥിക്കുന്നുണ്ട് എന്നുള്ളത് എനിക്ക് സന്തോഷം തരുന്നു. ദൈവം നമ്മുടെ പ്രാർത്ഥനകൾ കേൾക്കുകയും, അവൻ പറയുന്നത് ഗ്രഹിക്കുവാൻ തക്കവണ്ണം നമ്മെ താഴ്മയുള്ളവരും, ജാഗ്രതയുള്ളവരും അവനോട് താദാത്മ്യം ഉള്ളവരും ആകുവാൻ സഹായിക്കുന്നു.
ബൈബിൾ വായിക്കുമ്പോൾ ഞാൻ I.O.U.S. എന്നൊരു അക്രോസ്റ്റിക് (acrostic) ഉപയോഗിക്കാറുണ്ട്
I. Incline - നിൻ്റെ സാക്ഷ്യങ്ങളിലേക്കു തന്നെ എൻ്റെ ഹൃദയം ചായുമാറാക്കേണമേ സങ്കീർത്തനം 119 : 36 (എന്തുകൊണ്ടെന്നാൽ എൻ്റെ ഹൃദയം ഉറങ്ങാനും ജോലി ചെയ്യാനും ബൈബിൾ ഒഴികെയുള്ള പല കാര്യങ്ങളും ചെയ്യാനും ചായ്‌വുള്ളതാണ്.)
O. Open - നിൻ്റെ ന്യായപ്രമാണത്തിലെ അദ്ഭുതങ്ങളെ കാണേണ്ടതിന് എൻ്റെ കണ്ണുകളെ തുറക്കേണമേ സങ്കീർത്തനം 119:18 (കാരണം എൻ്റെ ഹൃദയം പലപ്പോഴും മന്ദതയുള്ളതും ദൈവവചനത്തിലെ അത്ഭുതങ്ങളെ കാണാതവണ്ണം അന്ധവുമാണ്).
U. Unite - നിൻ്റെനാമത്തെ ഭയപ്പെടുവാൻ എൻ്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ സങ്കീർത്തനം 86 : 11 (കാരണം എൻ്റെ ഹൃദയം പലപ്പോഴും ഭിന്നിച്ചും പല ദിശയിലേക്കും ശ്രദ്ധ പതറിയും ആയിരിക്കും)
S. Satisfy - ഞങ്ങളെ നിൻ്റെഅചഞ്ചലമായ സ്നേഹത്താൽ തൃപ്തരാക്കേണമേ. സങ്കീർത്തനം 90 : 14 (കാരണം എൻ്റെ ഹൃദയം മറ്റ് കാര്യങ്ങളിൽ സംതൃപ്തമാകാൻ പ്രലോഭിപ്പിക്കപ്പെടുന്നു).
ഈ പ്രാർത്ഥനകൾക്ക് പുറമേ ബൈബിളിലെ പ്രാർത്ഥനകൾ പ്രാർത്ഥിക്കുന്നത് പരിശീലിക്കുക. കർത്താവിൻ്റെ പ്രാർത്ഥന കൂടാതെ, എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എഫെസ്യർ 3:14-19ആണ്. ഈ പ്രാർത്ഥനകൾ ദൈവം നമ്മെ പഠിപ്പിച്ച തരത്തിലുള്ള ആഗ്രഹങ്ങളെ നമ്മുടെ ആഗ്രഹങ്ങളിൽ ഇഴചേർക്കുന്നു.
ഇത് സഹായകമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കൃപ നിന്നോട് കൂടെ ഇരിക്കുമാറാകട്ടെ! ദൈവവചനത്തിൽ ഉറച്ചുനിൽക്കുക!
പൗലോസിൻ്റെ ഓരോ കത്തും തുടക്കത്തിൽ "നിങ്ങൾക്ക് കൃപ ഉണ്ടാകട്ടെ" എന്നീ വാക്കുകളും അവസാനത്തോട് അടുത്ത് "കൃപ നിങ്ങളോടു കൂടെ ഇരിക്കുമാറാകട്ടെ" എന്നീ വാചകങ്ങളോടു കൂടിയാണ് എന്ന് നീ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ആ എഴുത്തുകൾ വായിക്കുമ്പോൾ ദൈവകൃപ ആ എഴുത്തിൽ കൂടി നമ്മിലേക്ക് വരുന്നുണ്ടെന്ന് അദ്ദേഹം അറിയുന്നു എന്നതാണ് കാരണമെന്ന് ഞാൻ കരുതുന്നു. ആ എഴുത്ത് വായിച്ചതിനുശേഷം നാം സ്‌കൂളിലോ ജോലിക്കോ പോകുവാൻ തയ്യാറാകുമ്പോൾ, ദൈവകൃപ നമ്മോടൊപ്പം പോരും എന്ന് അദ്ദേഹത്തിന്നറിയാം.
"ബൈബിൾ വായ്ക്കുംതോറും കൃപ ദൈനംദിനമായി നിങ്ങളുടെ അടുക്കൽ വരുന്നു."
അതിനാൽ, ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോൾ, പൗലോസിനോടൊപ്പം ഞാനും പറയുന്നു, കൃപ നിങ്ങളോടു കൂടെ ഇരിക്കുമാറാകട്ടെ. എന്തെന്നാൽ, നീ എന്നും ദൈവവചനം വായിക്കുമ്പോൾ ദൈവകൃപ നിനക്ക് എന്നും ലഭ്യമാകും. അത് നിലനിർത്തുക. നീ അതിനെക്കുറിച്ചു ഒരിക്കലും ഖേദിക്കേണ്ടിവരില്ല.
പാസ്റ്റർ ജോൺ