ലൂക്കോസ് 17: 5-10 ൽ അപ്പോസ്തലന്മാർ തങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുവാൻ യേശുവിനോടു അപേക്ഷിക്കുകയാണ്. യേശു എങ്ങനെയാണ് അവരെ സഹായിച്ചത്? രണ്ടു വിധത്തിൽ; അവരോടു സത്യം പറഞ്ഞു കൊണ്ടാണ് രണ്ടു വിധത്തിലും യേശു അത് ചെയ്തത്. വിശ്വാസം കേൾവിയാൽ വരുന്നുവെന്ന്, പ്രതികരിക്കുന്ന രീതിയിൽ നിന്നു പോലും യേശു കാണിച്ചു തരുന്നു. ചില കാര്യങ്ങൾ അറിയുന്നത് നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കും.
കാട്ടത്തികളെ വേരോടെ പിഴുതെറിയുന്നു
ഒന്നാമതായി,ലൂക്കോസ് 17:6 ൽ, ദൈവരാജ്യ മുന്നേറ്റത്തിനായി മഹത്തായ കാര്യങ്ങൾ നേടുന്നതിന് നിർണ്ണായകമായ വിഷയം നമ്മുടെ വിശ്വാസത്തിൻ്റെ വലിപ്പമല്ല, എന്നാൽ ദൈവത്തിൻ്റെ ശക്തിയാണ് എന്ന് പറഞ്ഞുകൊണ്ട് യേശു നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കുന്നു. 'അതിന് കർത്താവ് പറഞ്ഞത് : നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലിൽ നട്ടുപോക എന്നു പറഞ്ഞാൽ അതു നിങ്ങളെ അനുസരിക്കും.' വിശ്വാസം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, ഏറ്റവും ചെറിയ കടുക് മണിയെക്കുറിച്ചു പരാമർശിച്ച ശേഷം, വിശ്വാസത്തിൻ്റെ വലിപ്പത്തിൽ നിന്നു വിശ്വാസത്തിൻ്റെ ഹേതുവിലേക്ക് ശ്രദ്ധ തിരിക്കുന്നു.
ദൈവം കാട്ടത്തികളെ നീക്കുന്നു. അത് ആത്യന്തികമായി ആശ്രയിക്കുന്നത് നമ്മുടെ വിശ്വാസത്തിൻ്റെ വലിപ്പത്തെയല്ല, ദൈവത്തിൻ്റെ ശക്തിയെയും ജ്ഞാനത്തെയും സ്നേഹത്തെയുമാണ് . ഈ തിരിച്ചറിവ്, വിശ്വാസത്തെക്കുറിച്ചു വ്യാകുലപ്പെടാതിരിക്കാൻ നമ്മെ സഹായിക്കുകയും നമ്മിൽ വിശ്വാസത്തിനു മുൻകൈയെടുക്കുന്ന ദൈവത്തിലും അവന്റെ ശക്തിയിലും ആശ്രയിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
ഇപ്പോഴും എന്നേയ്ക്കും കടപ്പെട്ടവർ
രണ്ടാമതായി,ലൂക്കോസ് 17 : 7 - 10 ൽ അവരോടു കല്പിച്ചതൊക്കെയും ചെയ്തു കഴിയുമ്പോഴും അവർ പൂർണ്ണമായി കൃപയിൽ ആശ്രയിക്കുന്നവരായിരിക്കും എന്ന് അവരോട് പറഞ്ഞുകൊണ്ട് അവരുടെ വിശ്വാസം വളരാൻ അവൻ സഹായിക്കുന്നു. യേശു ഒരു ഉദാഹരണം നൽകുന്നു. 7 - 10 വരെയുള്ള വാക്യങ്ങളിൽ നിങ്ങൾക്ക് വീണ്ടുമത് വായിക്കാം. അതിൻ്റെ സാരമിതാണ് : ദാസൻ എത്രത്തോളം അധ്വാനിച്ചാലും യജമാനൻ അവന് കടക്കാരനാകുന്നില്ല. ദൈവം ഒരിക്കലും നമുക്ക് കടക്കാരനല്ല എന്നർത്ഥം. ലൂക്കോസ് 17 : 10 ഇതിനെ ഇങ്ങനെ സംഗ്രഹിക്കുന്നു : 'അവ്വണ്ണം നിങ്ങളോടു കല്പിച്ചതൊക്കെയും ചെയ്തശേഷം: ഞങ്ങൾ പ്രയോജനമില്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ എന്നു നിങ്ങളും പറവിൻ. ' നാം എല്ലായ്‌പ്പോഴും അവന് കടപ്പെട്ടിരിക്കുന്നു. ഈ കടം വീട്ടാൻ നമുക്ക് ഒരിക്കലും സാധിക്കില്ല; കൊടുത്തു തീർക്കാൻ പ്രതീക്ഷിക്കപ്പെടുന്നുമില്ല. നമ്മൾ എല്ലായ്‌പ്പോഴും കൃപയുടെ ആശ്രിതരായിരിക്കും. ഈ കടത്തിൽ നിന്ന് മോചിതരായി ദൈവം നമ്മുടെ കടക്കാരനായിരിക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മൾ ഒരിക്കലും എത്തുകയില്ല. 'അവനു വല്ലതും മുമ്പേ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ? ' (റോമർ 11:35)
ലൂക്കോസ് 17 : 9 ൽ യജമാനൻ ദാസനോട് "നന്ദി" പറയുന്നില്ല എന്ന് പരാമർശിക്കുന്നിടത്തെ "നന്ദി" എന്നതിനുള്ള പദപ്രയോഗം പ്രകോപനപരമാണ്. ഇവിടുത്തെ "നന്ദി" എന്ന ആശയം കൃപയോടുള്ള ഒരു പ്രതികരണമാണ്. യജമാനൻ അർഹിക്കുന്നതിലധികമൊന്നും ആ ദാസൻ നല്കാത്തതിനാലാണ് അദ്ദേഹം ദാസനോട് നന്ദി പറയാത്തത്. അയാൾ യജമാനനോട് കൃപ കാണിക്കുകയല്ല ചെയ്യുന്നത്. കൃപ എന്നാൽ അർഹിക്കുന്നതിനേക്കാൾ മെച്ചമായി നിങ്ങൾ പരിഗണിക്കപ്പെടുന്നതാണ്. ദൈവത്തോടുള്ള ബന്ധത്തിൽ നമ്മുടെ കാര്യവും ഇത്തരത്തിലാണ്. നാമൊരിക്കലും ദൈവത്തെ കൃപയോടെ സേവിക്കുന്നില്ല. നമ്മൾ ഒരിക്കലും ദൈവത്തിന് അവിടുന്ന് അർഹിക്കുന്നതിലും അധികം നൽകുന്നില്ല. അതിനർത്ഥം ദൈവം ഒരിക്കലും നമ്മോട് നന്ദി പറയേണ്ടതില്ല എന്നാണ്. ദൈവം നമ്മളോട് ഒരിക്കലും "നന്ദി" എന്ന് പറയുന്നില്ല. പകരം, ദൈവം നമുക്ക് എപ്പോഴും നാം അർഹിക്കുന്നതിലും അധികം നൽകുന്നു, നമ്മൾ എല്ലായ്‌പ്പോഴും ദൈവത്തോട് നന്ദിയോടെ കടപ്പെട്ടിരിക്കുന്നു.
അപ്പോൾ നാം ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞാൽ - ഇടയശുശ്രൂഷയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുകയും നമ്മുടെ മനോഭാവങ്ങളെല്ലാം ശരിയാക്കുകയും ഏറ്റവുമധികം മിഷൻ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ദരിദ്രരെ സ്‌നേഹിക്കുകയും വിവാഹ ഉടമ്പടി സംരക്ഷിക്കുകയും, കുഞ്ഞുങ്ങളെ ദൈവഭക്തരായി വളർത്തുകയും ക്രിസ്തുവിനെക്കുറിച്ചു ധൈര്യമായി പ്രഖ്യാപിക്കുകയും ചെയ്ത ശേഷം- നമുക്കുള്ള പാഠം ഇതാണ്: ദൈവത്തിന് നമ്മോടു നന്ദി പറയാൻ ബാധ്യതയില്ല. പകരം, നാം ഇപ്പോഴത്തേതു പോലെ ആ നിമിഷവും കൃപയുടെ കടക്കാരായിട്ടാണ് അവനോടു ബന്ധപ്പെടുന്നത്.
അയോഗ്യർക്കുള്ള കൃപ
ഇത് വിശ്വാസത്തിനു വലിയ പ്രോത്സാഹനമാണ് . എന്തുകൊണ്ട്? കാരണം ഇതിനർത്ഥം, നാമിക്കാര്യങ്ങൾ ചെയ്യാൻ സന്നദ്ധരാകുന്നതിനു മുമ്പെന്നപോലെ അതിനു ശേഷവും ദൈവാനുഗ്രഹം സൗജന്യമാണ്. ചെയ്യേണ്ടതെല്ലാം ചെയ്യുന്നതിനു മുൻപും നാം അയോഗ്യരായ ദാസന്മാരാണ്, ചെയ്തു കഴിഞ്ഞും അയോഗ്യരായ ദാസന്മാർ തന്നെ, നമ്മെ സഹായിക്കാൻ ദൈവത്തെ പ്രേരിപ്പിക്കുന്നത് കൃപ ഒന്ന് മാത്രമാണ്. അതുകൊണ്ടു പ്രവൃത്തിക്കു മുമ്പും ശേഷവും ദൈവം നമ്മെ സഹായിക്കുന്നത് സൗജന്യമായാണ്. നമ്മുടെ പ്രവർത്തികൾ അപര്യാപ്തമായി തോന്നുമ്പോഴും സഹായത്തിനായി അവനെ വിശ്വസിക്കാൻ ഇത് വലിയ പ്രോത്സാഹനമാണ്.
അപ്പോൾ, രണ്ട് കാര്യങ്ങൾ നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കുന്നു : (1) കാട്ടത്തികളെ നമ്മുടെ വഴിയിൽ നിന്ന് പിഴുതെറിയുന്നതിൽ നിർണ്ണായക ഘടകം ദൈവം തന്നെയാണ് അല്ലാതെ നമ്മുടെ വിശ്വാസത്തിൻ്റെ അളവല്ല. കൂടാതെ, (2) നമ്മൾ ചെയ്യാനുള്ളത് എല്ലാം ചെയ്തു കഴിഞ്ഞതിനു ശേഷവും അതിനു മുൻപും, സൗജന്യമായ കൃപയാണ് ദൈവം നമ്മോട് എങ്ങനെ ഇടപെടണമെന്നു നിർണയിക്കുന്നത്. കൃപയുടെ ആവശ്യത്തിൽ നിന്നു നാം വ്യതിചലിക്കരുത്. അതുകൊണ്ട്, നമ്മുടെ ജീവിതത്തിലും സഭയിലും ചെയ്യുവാനവശേഷിക്കുന്ന കാര്യങ്ങൾ നമ്മെ തളർത്തരുത്; നമ്മുടെ ചെറിയ വിശ്വാസത്താൽ വലിയ കാര്യങ്ങൾക്കായി നമുക്ക് ദൈവത്തിൽ ആശ്രയിക്കാം.
John Piper
desiringGod.org-ന്‍റെ സ്ഥാപകനും അദ്ധ്യാപകനുമായ ജോണ്‍ പൈപര്‍ ബെത്ലഹേം കോളേജ് ആന്‍ഡ് സെമിനാരിയുടെ ചാന്‍സലര്‍ കൂടിയാണ്. മിനെസോട്ടയിലുള്ള മിന്നെപോലീസിലെ ബെത്ലഹേം ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ 33 വര്‍ഷം പാസ്റ്ററായി സേവനം അനുഷ്ഠിച്ചു. Desiring God: Meditations of a Christian Hedonist, Lord Jesus തുടങ്ങി 50-ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.