ബൈബിള്‍ വായനക്കുള്ള നാല് പ്രാര്‍ത്ഥനകള്‍

വായനക്കായി നമ്മുടെ ബൈബിളുകൾ തുറക്കുമ്പോൾ, നാം ഒരിക്കലും തനിച്ചല്ല. നമ്മുടെ ഹൃദയങ്ങളെ ചലിപ്പിക്കുവാനും, മനസ്സുകളെ പ്രകാശിപ്പിക്കുവാനും, ജീവിതങ്ങളെ ദിശ തിരിച്ചു നയിക്കാനും തയ്യാറായി, പരിശുദ്ധാത്മാവ് ദൈവവചനത്തിലും അതിന്മീതെയുമിരിക്കുന്നു. ഇവയിലൂടെയെല്ലാം ക്രിസ്തു മാത്രം മഹത്വപ്പെടുന്നു. (യോഹന്നാന്‍ 16:14). ഒരു സാധാരണ ദിനചര്യയെ അലൌകികമായ ഒന്നാക്കി മാറ്റുന്ന ബൈബിൾ വായനയിലെ എക്സ് ഫാക്ടർ ആണ്ആത്മാവ്. അതിനാല്‍ നമ്മുടെ കണ്ണുകൾക്കും മനസ്സുകൾക്കും ഹൃദയങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാതെ വചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് തികച്ചും ഭോഷത്വമാണ്.

പ്രാർത്ഥന ഒരു സംഭാഷണമാണ്, എന്നാല്‍ നാമല്ല അതാരംഭിക്കുന്നത്. ആദ്യം ദൈവം സംസാരിക്കുന്നു. അവന്‍റെ ശബ്ദം തിരുവെഴുത്തുകളിലും അങ്ങേയറ്റം ശക്തമായി തന്‍റെ പുത്രന്‍റെ വ്യക്തിയിലും പ്രവൃത്തിയിലും മുഴങ്ങുന്നു. പിന്നീട് സര്‍വ്വാത്ഭുതങ്ങളിലും വലിയ അത്ഭുതമായി നാം പറയുന്നതു കേള്‍ക്കുവാനായി അവന്‍ നിന്ന്, കുനിഞ്ഞ്, തന്‍റെ ചെവി ചായിക്കുന്നു. അയഥാര്‍ത്ഥം എന്നു തോന്നും വിധം ഉദാത്തമാണ് പ്രാർത്ഥന. നമ്മുടെ കണ്ണുകള്‍ വചനത്തിലായിരിക്കുമ്പോഴും അവൻ നമുക്കായ് കാതോര്‍ക്കുന്നു.

അങ്ങനെയെങ്കിൽ ബൈബിള്‍ വായിക്കുവാന്‍ നാമിരിക്കുമ്പോള്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം? ഇതാ, ദൈവവചനം തുറക്കുമ്പോൾ നിങ്ങൾക്കു പ്രാര്‍ത്ഥിക്കാവുന്ന നാലു വേദവാക്യങ്ങൾ.

1. സങ്കീർത്തനം 119:18: അത്ഭുതങ്ങൾ കാണേണ്ടതിന്നു എന്‍റെ കണ്ണുകളെ തുറക്കേണമേ

"നിന്‍റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങൾ കാണേണ്ടതിന്നു എന്‍റെ കണ്ണുകളെ തുറക്കേണമേ.” (സങ്കീർത്തനം 119:18നമുക്ക് സ്വയം കാണാൻ കഴിയാത്ത മഹത്വത്തിന്‍റെ നേർക്കാഴ്ചകൾ കാണിക്കേണ്ടതിന് നമ്മുടെ ആത്മീയ കണ്ണുകൾ തുറക്കുവാൻ നാം ദൈവത്തോട് അപേക്ഷിക്കുന്നു. അവന്‍റെ സഹായമില്ലാതെ, നാം വെറും പ്രാകൃതിക കണ്ണുകളുള്ള "പ്രാകൃതിക" വ്യക്തികള്‍ മാത്രമാണ്. “എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്‍റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല." (1 കൊരിന്ത്യർ 2:14).

പ്രകാശിപ്പിക്കുന്ന ആത്മപ്രവൃത്തിയില്ലാതെ പ്രാകൃതിക കണ്ണുകള്‍ കൊണ്ട് മാത്രം തന്നെയും തന്‍റെ ഉപദേശത്തെയും കാണുന്നവരെക്കുറിച്ച് യേശു പറഞ്ഞത്, “കണ്ടിട്ടും അവര്‍ കാണുന്നില്ല” എന്നാണ്. (മത്തായി 13:13). ഇതു കൊണ്ടാണ് പൌലൊസ് ക്രിസ്ത്യാനികള്‍ക്കായി ഇപ്രകാരം പ്രാര്‍ത്ഥിച്ചത്, “നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ തരേണ്ടതിന്നും, നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു... (” (എഫെസ്യര്‍ 1:17-18).

സങ്കീര്‍ത്തനക്കാരനോടു ചേര്‍ന്ന് ആത്മീയ കാഴ്ചയ്ക്കുള്ള വരത്തിനായി മാത്രമല്ല ദൈവവചനത്തിലെ അത്ഭുത കാര്യങ്ങള്‍ കാണുവാനുള്ള വരത്തിനായും പ്രാര്‍ത്ഥിക്കുക. അലച്ചിലിനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് അത്ഭുതം. ഈ അത്ഭുതത്തെ പരിപോഷിപ്പിക്കുന്നവര്‍ തങ്ങളുടെ ഹൃദയം ഊഷ്മളവും മൃദുവുമായി സൂക്ഷിക്കുന്നു. വിശ്വാസം തണുത്തവരായി വീണുപോകുവാനുള്ള പ്രലോഭനങ്ങളോട് അവര്‍ എതിര്‍ത്തുനില്‍ക്കുന്നു.

2. ലൂക്കോസ് 18:38: എന്നോടു കരുണയുണ്ടാകേണമേ

വഴിവക്കില്‍ യാചിക്കുന്ന കുരുടനെപ്പോലെ പ്രാര്‍ത്ഥിക്കുക, “യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണയുണ്ടാകേണമേ!” (ലൂക്കോസ് 18:38). ലോകത്തില്‍ ജീവിക്കുന്ന കാലത്തോളം വചനത്തിലൂടെ ദൈവവുമായുള്ള നമ്മുടെ ഓരോ കണ്ടുമുട്ടലിനെയും പാപം തടസ്സപ്പെടുത്തുന്നു. നാം നിത്യേന നമ്മുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നിരാശപ്പെടുത്തുന്നു - അതിലുപരിയായി ദൈവത്തെ നിരാശപ്പെടുത്തുന്നു. അതിനാല്‍ വചനം തുറക്കുമ്പോള്‍ തന്നെ നമ്മുടെ താഴ്മയും തകര്‍ച്ചയും ഇല്ലായ്മയും പ്രതിഫലിപ്പിക്കുന്ന വീണ്ടെടുക്കപ്പെട്ടവരുടെ ഈ പ്രാര്‍ത്ഥന അപേക്ഷിക്കുന്നത് അനുയോജ്യമായിരിക്കും: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ!” (ലൂക്കോസ് 18:13).

ദിനംതോറും നമ്മുടെ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, പിന്നെയും പശ്ചാത്തപിച്ച്, അവന്‍റെ കൃപയില്‍ വീണ്ടും വീണ്ടും നമ്മെത്തന്നെ ഇട്ടുകൊടുക്കുന്നതിനുള്ള പ്രേരകശക്തിയാണ് ബൈബിള്‍ വായന. അവന്‍റെ കൃപയില്‍ ആകൃഷ്ടരായിരിക്കുന്നതിന്നും യഥാര്‍ത്ഥ വിനയത്തിന്‍റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നതിനുമുള്ള നടപ്പാതയാണ് പ്രാര്‍ത്ഥന.

3. യക്കോബ് 1:22: എന്നെ നിന്‍റെ വചനം ചെയ്യുന്നവനാക്കി മാറ്റേണമേ

നിങ്ങളുടെ കണ്ണുകളെ വചനത്തിലെ അത്ഭുതങ്ങളിലേയ്ക്ക് തുറന്ന്, നിങ്ങളെ തന്‍റെ കൃപയുടെ അത്യന്ത വലിപ്പത്തെ ഓര്‍മ്മപ്പെടുത്തിയിട്ട് നിങ്ങളുടെ ജീവിതത്തില്‍ വാസ്തവമായ മാറ്റം ദൈവം കൊണ്ടുവരേണ്ടതിനായി പ്രാര്‍ത്ഥിക്കുക. മറ്റുള്ളവരോടുള്ള ത്യാഗപൂര്‍ണ്ണമായ സ്നേഹത്തിന്‍റെ പ്രവൃത്തികളിലൂടെ തിരുവചനത്തിന്‍റെ വിത്തുകള്‍ യഥാര്‍ത്ഥവും പ്രകടവുമായ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ഇടയക്കേണമേ എന്ന് അപേക്ഷിക്കുക. “എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.” (യാക്കോബ് 1:22). നിങ്ങള്‍ ഓരോ വേദഭാഗത്തുനിന്നും, കൃതൃമമായി, പ്രയോഗത്തില്‍ വരുത്തേണ്ട ഓരോ നിര്‍ദ്ദിഷ്ട കാര്യം കണ്ടെത്തുകയല്ല, പിന്നെയോ ദൈവവചനം നിങ്ങളുടെ പ്രയോഗിക ജീവിതത്തെ മെനയുകയും ബോധ്യപ്പെടുത്തുകയും വഴിനടത്തുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്.

നിങ്ങള്‍ തനിയെ വചനം വായിക്കുവാനും പഠിക്കുവാനും സമയം ചെലവഴിക്കുന്നതുമൂലം നിങ്ങളെ കൂടുതല്‍ കൂടുതല്‍ പ്രകടമായി സ്നേഹിക്കുന്നവരാക്കി മാറ്റേണമേ എന്ന് അപേക്ഷിക്കുക.

4. ലൂക്കോസ് 24:45 എന്‍റെ കണ്ണുകളെ യേശുവിലേയ്ക്ക് തുറക്കേണമേ

വചനത്തിലെ അത്ഭുതങ്ങളെ കാണുവാന്‍ കണ്ണുകളെ തുറക്കേണമേ എന്ന പ്രാര്‍ത്ഥന മറ്റൊരു രീതിയില്‍, കൂടുതല്‍ കൃത്യതയോടെ, പ്രാര്‍ത്ഥിക്കുന്നതാണിത്. ദൈവപ്രവൃത്തികള്‍ ബൈബിളിലെ അത്ഭുതാവാഹമായ പര്‍വ്വതനിരകളെപ്പോലെ നിലകൊള്ളുന്നു, എന്നാല്‍ അതിലെ ഏറ്റവും ഉത്തുംഗമായ കൊടുമുടിയും അത്യുജ്ജ്വലമായ വീഥിയും അവന്‍റെ പുത്രനായ യേശുവിന്‍റെ വ്യക്തിയും പ്രവൃത്തിയുമാണ്.

ബൈബിളിന്‍റെ ഓരോ വേദഭാഗങ്ങളുടെയും അര്‍ത്ഥതലങ്ങള്‍ തുറക്കേണ്ടതിനുള്ള സുപ്രധാന താക്കോലാണ് താനെന്ന് പുനരുത്ഥാനത്തിന് ശേഷം യേശു തന്നെ പഠിപ്പിച്ചു – ബൈബിളിലെ ഓരോ പുസ്തകത്തിന്‍റെയും, ഓരോ സംഭവത്തിന്‍റെയും, സമ്പൂര്‍ണ്ണ കഥയുടെയും. ആദ്യം “എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.” (ലൂക്കോസ് 24:27), പിന്നീട് താന്‍ ശിഷ്യന്മാരെ പഠിപ്പിച്ചതെന്തെന്നാല്‍ “മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം”. (ലൂക്കോസ് 24:44). ഇങ്ങനെ ചെയ്തുകൊണ്ട് അവന്‍ “തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.” (ലൂക്കോസ് 24:45).

ബൈബിള്‍ വായനയുടെയും പഠനത്തിന്‍റെയും മഹത്തായ ലക്ഷ്യം ഇതാണ്: യേശുവിനെ അറിയുകയും ആസ്വദിക്കുകയും ചെയ്യുക. വരുവാനുള്ള സ്വര്‍ഗ്ഗീയ സന്തോഷങ്ങലെ ഒന്നു രുചിച്ചു നോക്കുക മാത്രമാണിവിടെ ചെയ്യുന്നത്. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാന്‍ 17:3). ഇത് നമ്മുടെ വേദപഠനത്തിന് ദിശയും ലക്ഷ്യവും ഉദ്ദേശ്യവും നല്‍കുന്നു. “നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക.” (ഹോശേയ 6:3). നമ്മുടെ ആത്മാവില്‍ അദമ്യമായ വാഞ്ചയും അഭിനിവേശവും ഇത് ഉളവാക്കുന്നു: “എന്‍റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.” (ഫിലിപ്പ്യർ 3:8).

നിങ്ങളുടെ ഇരു കണ്ണുകളും യേശുവിനായി വിടര്‍ത്തി തുറക്കുക. വായിക്കുന്ന വേദഭാഗം യേശുവിന്‍റെ വ്യക്തിയോടും പ്രവൃത്തിയോടും എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ കാണുന്നത് വരെ നമ്മുടെ വായനയുടെ സുപ്രധാനമായ വശം നാം പൂര്‍ത്തീകരിച്ചിട്ടില്ല.

നിരന്തരമായ ദൈവസഹായമില്ലാതെ അവനെ കാണുവാന്‍ നമുക്ക് നിര്‍വ്വാഹമില്ല; അതുകൊണ്ട് നാം പ്രാര്‍ത്ഥിക്കുന്നു

David Mathis

ഡേവിഡ് മാതിസ്

ഡേവിഡ് മാതിസ് desiringGod.org ന്‍റെ എക്സിക്യൂടിവ് എഡിറ്ററും Cities Church ന്‍റെ പാസ്റ്ററുമാണ്. അദ്ദേഹം ഒരു ഭര്‍ത്താവും നാല് മക്കളുടെ പിതാവും Workers for Your Joy: The Call of Christ on Christian Leaders (2022) ന്‍റെ രചയിതാവുമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

മലയാളം