ക്രിസ്തുവിൽ വസിക്കുക

യഹോവ എൻ്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു
എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.

സങ്കീർത്തനം 23

സങ്കീർത്തനം 23 നമുക്കെല്ലാവർക്കും വളരെ പരിചിതമായ ഒരു സങ്കീർത്തനമാണ് . ക്രിസ്തീയ ഭവനങ്ങളിൽ വളർന്നവരെ സംബന്ധിച്ചിടത്തോളം, അവർ മനഃപാഠമാക്കി പഠിച്ച ആദ്യത്തെ സങ്കീർത്തനങ്ങളിൽ ഒന്നാണിത്. ഒട്ടുമിക്ക ക്രിസ്തീയ പുസ്തകശാലകളിലെ ചുവരുകളിൽ തൂങ്ങിക്കിടക്കുന്ന പോസ്റ്ററുകളിലും ഫ്രെയിമുകളിലും ഏറ്റവും സാധാരണമായി കണ്ടുവരുന്ന വേദഭാഗമാണ് സങ്കീർത്തനം 23. എന്നിരുന്നാലും, ഈ സങ്കീർത്തനം എല്ലാവർക്കും സൂപരിചിതമാണെന്നത്തിന് അത് എല്ലാരും ആഴത്തിൽ മനസ്സിലാകുന്നു എന്നർത്ഥമില്ലാ.

ഈ സങ്കീർത്തനത്തിൻ്റെ തുടക്കത്തിൽ തന്നെ ദാവീദ് തൻ്റെ ദൈവത്തെ ഇടയനായി വിശേഷിപ്പിക്കുന്നതായി കാണാം. ഓരോ വാക്യങ്ങളിലൂടെയും ദൈവത്തിൻ്റെ കൂടെ നടക്കുന്നതിൻ്റെ പല വശങ്ങളെക്കുറിച്ച് അവൻ പറയുന്നു. എന്നിട്ടവൻ ഒടുവിൽ ദൈവത്തിൻ്റെ ആലയത്തിൽ താമസിക്കാനുള്ള തൻ്റെ മോഹത്തെക്കുറിച്ച് പറയുന്നു. ദൈവവുമായുള്ള തൻ്റെ നടത്തത്തിൽ അവൻ ഒരേസമയം സംതൃപ്തനും അസംതൃപ്തനുമാണ്. ഇത് ഒരു വിരുദ്ധാഭാസമല്ല, മറിച്ച് നല്ല ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ നമുക്ക് സംതൃപ്തിയും അതേപോലെ വീണ്ടും അത് കഴിക്കാനുള്ള ആഗ്രഹവും തോന്നാറില്ലേ? അതിന് സമാനമാണ്.

ദൈവത്തിൻ്റെ മന്ദിരം

ദാവീദ് ജീവിച്ചിരുന്നത് ഒന്നാം-മന്ദിര കാലഘട്ടത്തിനു മുമ്പാണ്. ദൈവത്തിനായി ഒരു ആലയം പണിയുവാനുള്ള അവൻ്റെ ആഗ്രഹം 1 ദിനവൃത്താന്തം 17:1 ൽ കാണാൻ സാധിക്കും: "ദാവീദ് തൻ്റെ അരമനയിൽ വസിച്ചിരിക്കും ഒരുനാൾ നാഥാൻ പ്രവാചകനോട്: ഇതാ ഞാൻ ദേവദാരു കൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു". തൻ്റെ ഇടയാനൊപ്പം എന്നേരവും ചിലവഴിക്കാൻ അവൻ ഏറെ ആഗ്രഹിച്ചു. ദാവീദിൻ്റെ ഈ ആഗ്രഹം സങ്കീർത്തനം 27:4 ൽ കാണാൻ സാധിക്കും: “ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ”.

ഈ വാക്യത്തിൽ "ആലയം" , അതേപോലെ "മന്ദിരം" എന്നീ വാക്കുകൾ പരസ്പരം മാറ്റി ഉപയോഗിച്ചിരുന്നതായി കാണാം. മന്ദിരം പണിയുവാനുള്ള ദാവീദിൻ്റെ ആഗ്രഹം നിറവേറിയത് തൻ്റെ പുത്രനായ ശലോമോൻ രാജാവിൻ്റെ കാലത്താണ്. എങ്കിലും ആ മന്ദിരം 586 ബി.സി.യിൽ ബാബിലോൺ ദേശം ഇസ്രായേലിനെ ആക്രമിച്ചപ്പോൾ തകർന്നു (2 രാജാക്കന്മാർ 25:8-9). 520 ബി.സി.യിൽ വീണ്ടും സെറുബാബേലിൻ്റെ നേതൃത്വത്തിൽ മന്ദിരം പുതുക്കി പണിതു (എസ്രാ 3:8-13). പക്ഷേ വീണ്ടും 70 എ.ഡി.യിൽ റോമൻ പട്ടാളം അതിനെ തകർത്തു. ദൈവത്തിൻ്റെ ആലയം എന്ന ദാവീദിൻ്റെ സ്വപ്നത്തിന് ശാശ്വതമായ സാക്ഷാത്കാരം ഉണ്ടായില്ല.

എന്നാൽ, ആയിരം വർഷങ്ങൾക്ക് ശേഷം മത്തായി 12:6 ൽ നമുക്ക് യേശു ഈ വാക്കുകൾ പറയുന്നതായി കാണാം: "എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെയുണ്ട് എന്ന് ഞാൻ നിങ്ങളോട് പറയുന്നു" ദൈവം ഒരു കാലത്ത് താമസിച്ചിരുന്നത് മന്ദിരത്തിലായിരുന്നെങ്കിൽ, അതിന് മാറ്റം വരുത്തിക്കൊണ്ട് ക്രിസ്തു വസിച്ചിരുന്നത് തൻ്റെ ജനത്തിന് മദ്ധ്യേ ആണ്. ക്രിസ്തു തൻ്റെ ശിഷ്യന്മാരോട് അവനിൽ വസിക്കുവാൻ പറഞ്ഞു (യോഹന്നാൻ 15:4). ക്രിസ്തുവിൻ്റെ മരണത്തിലും പുനരുദ്ധാനത്തിലും അവനിൽ ഏകീഭവിച്ചവരാണ് നാം (റോമർ 6:5). ദാവീദിൻ്റെ ആഗ്രഹം ദൈവത്തോട് കൂടെ അവൻ്റെ മന്ദിരത്തിൽ വസിക്കാനായിരുന്നെങ്കിൽ, ക്രിസ്തു നമ്മെ അവനിൽ വസിക്കുവാൻ ക്ഷണിക്കുന്നു - അതായത്, ദൈവത്തിൽ വസിക്കുവാൻ. ഈ വാക്ക്ദത്തം എത്ര മഹത്തരമാണ്, എന്തെന്നാൽ നാം ക്രിസ്തുവിൽ വസിക്കുന്നു എന്നു മാത്രമല്ല അവൻ നമ്മിലും വസിക്കുന്നു (യോഹന്നാൻ 15:4). റോമർ 8:9 ൽ പൗലോസ് ഇതിനെ ദൈവത്തിൻ്റെ ആത്മാവും നമ്മിൽ വസിക്കുന്നതായും ക്രിസ്തുവിൻ്റെ ആത്മാവ് നമ്മിൽ വസിക്കുന്നതായും വിവരിക്കുന്നു.

കോറം ഡിയോ

കോറം ഡിയോ” എന്ന വാക്യത്തിന് നവീകരണ പ്രസ്ഥാനത്തിൻ്റെ (പ്രൊട്ടസ്റ്റൻ്റ്) ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. ഈ വാക്യത്തിൻ്റെ തർജ്ജമ “ദൈവത്തിനു മുന്നിൽ” അഥവാ “ദൈവ സാന്നിധ്യത്തിൽ” എന്നാണ്. ജോൺ കാൽവിൻ കോറം ഡിയോ”എന്ന ആശയത്തിന് വളരെ പ്രാധാന്യം നൽകിയിരുന്നു. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ഉള്ള ദൈവത്തിൻ്റെ പരമാധികാരത്തെ ഉൾക്കൊണ്ട് പൂർണ്ണ ബോധവാന്മാരായി ദൈവസാന്നിധ്യത്തിൽ ജീവിക്കുന്നതായി അദ്ദേഹം ഈ ആശയത്തെ മനസ്സിലാക്കി. വിശ്വാസികൾ കൂരിരുൾ താഴ്‌വാരയിലൂടെ (സങ്കീർത്തനം 23:4) നടക്കുമ്പോഴും ക്രിസ്തു അവനിലും, അവൻ ക്രിസ്തുവിലും വസിക്കുന്നു. എത്ര ആഴമാർന്ന ഇരുളാർന്ന താഴ്‌വാരയിലും ക്രിസ്തു അവന് പുൽമേടുകളും, സ്ഥിരമായ ശുദ്ധജലവും, പരിപാലനവും, പുനരുജ്ജീവനവും നൽകുന്നു. ഒരു ദൈവ പൈതലിനെ എല്ലാ ദിക്കിൽ നിന്നും തിന്മയും ഭാരങ്ങളും പൊതിയുമ്പോഴും അതിന് മദ്ധ്യേ ക്രിസ്തു സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനവും സന്തോഷവും നൽകുന്നു (ഫിലിപ്പിയർ 4:6-7). ദാവീദ് കണ്ട സ്വപ്നം പോലെ നാം എക്കാലവും ദൈവാലയത്തിൽ വസിക്കും. പുനരുദ്ധാനപ്പെട്ട ക്രിസ്തു നമ്മിൽ വസിക്കുന്നു എന്ന ഉറപ്പിൻ്റെ ബലത്താൽ നമുക്ക് ജീവിക്കാം ദൈവ സാന്നിധ്യത്തിൽ - കോറം ഡിയോ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

മലയാളം